സിഡ്നി ഏകദിനത്തിൽ ഇന്ത്യയ്ക്ക് 34 റൺസിന്‍റെ തോല്‍വി

  • Latest News,Images,Videos & Music going Viral now - Viralcast.io

സിഡ്നി: ഓസ്ട്രേലിയയ്‍ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 34 റണ്‍സിന്‍റെ തോല്‍വി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‍ക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി ആശ്വാസം നൽകിയെങ്കിലും വിജയം നേടുവാൻ കഴിയാതെ പോയി. 50 ഓവറിൽ 5 വിക്കറ്റിന് 288 റൺസെടുത്ത ഓസ്ട്രേലിയയ്‍ക്കെതിരെ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 254 റണ്‍സ് നേടാനെ ഇന്ത്യയ്ക്കായുള്ളൂ. 22-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് 10 ഫോറും ആറ് സിക്സും പറത്തിയാണ് 133 റണ്‍സ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയ്‍ക്കെതിരെ മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടമായ സ്ഥിതിയിലായിരുന്നു. പിന്നീട് ധോനിയും(51) രോഹിത്തും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ദിനേശ് കാര്‍ത്തിക്കും(12), ബുവനേശ്വര്‍ കുമാറും(29) മാത്രമാണ് രണ്ടക്കം കണ്ടത്. ശിഖർ ധവാൻ (0), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (3), അമ്പാട്ടി റായുഡു (0), രവീന്ദ്ര ജഡേജ(8), കുല്‍ദീപ് യാദവ്(3), മുഹമ്മദ് ഷമി(1) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി.

ടോസ് നേടി ബാറ്റിങ് എടുത്ത ഓസ്ട്രേലിയ ഉസ്മാൻ ഖവാജ (59), ഷോൺ മാർഷ് (54), പീറ്റർ ഹാൻഡ്സ്കോംബ് (73) എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിലാണ് പൊരുതിയത്. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവരാണ് രണ്ടു വിക്കറ്റ് വീതം വീഴ്ത്തുകയുണ്ടായി.